Kerala
കൊച്ചി: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനായി സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. ഇന്നും നാളെയുമായി രണ്ടാംഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് നീക്കം. വീണാ വിജയനെ ഇത്തവണ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം.
നേരത്തെ രണ്ട് തവണ കേസിൽ വീണയെ ചോദ്യം ചെയ്തിരുന്നു. അതേസമയം ഇഡിയുടെ കത്തിൽ കേസെടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ ഇന്ന് പൊതുചർച്ച അവസാനിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമെന്ന് സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യദിനം തന്നെ വിമർശനം ഉയർന്നിരുന്നു.
വിശാല സംസ്ഥാന സമിതി യോഗത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ടിരുന്നു. രൂക്ഷ വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദേശം. വ്യക്തി കേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദേശമുണ്ട്.
സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദേശം. ചര്‍ച്ചകളില്‍ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ ബഹുജന സംഘടനകൾക്ക് അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുക.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തകർന്നുതരിപ്പണമായി. രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്‍കിയില്ല.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
Sports
ദുബായ്: ശ്രീലങ്കയെ തോൽപ്പിച്ച് വനിതാ ഏഷ്യാകപ്പ് ഫൈനലിൽ കിരീടം ചൂടിയതിന് പിന്നാലെ നടന്ന സമ്മാനദാനച്ചടങ്ങിൽനിന്ന് വിട്ടുനിന്ന് ഇന്ത്യൻ വനിതാ ടീം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചാണ് ഇന്ത്യൻ വനിതകൾ ചടങ്ങിൽനിന്ന് വിട്ടുനിന്നത്.
ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിന് പാക് മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വിയും എത്തിയിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സായ്കിയ എന്നിവർക്കൊപ്പമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റു കൂടിയായ നഖ്വി മത്സരം കണ്ടത്. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയതോടെ സമ്മാനദാനച്ചടങ്ങിനെക്കുറിച്ചും അഭ്യൂഹങ്ങളുയർന്നിരുന്നു.
മത്സരശേഷം ഇന്ത്യൻ താരങ്ങളെല്ലാം ഹെഡ് കോച്ച് അമോൾ മുസുംദാറിന് ചുറ്റുമെത്തി. തുടർന്ന് കോച്ച് ടീമംഗങ്ങളെ അഭിനന്ദിച്ചു. ഇതിനു പിന്നാലെ ബിസിസിഐ വൈസ് പ്രസിഡന്റും സെക്രട്ടറിയും എത്തി താരങ്ങളെ അഭിനന്ദിക്കുകയും ഇവർക്ക് മെഡലുകൾ കൈമാറുകയും ചെയ്തു. ഇതേസമയം സ്റ്റേഡിയത്തിൽ സമ്മാനദാനച്ചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
മൊഹ്സിൻ നഖ്വിയടക്കമുള്ളവർ സമ്മാനദാനച്ചടങ്ങിനായി വേദിയിലെത്തി. റണ്ണേഴ്സ് അപ്പായ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന് നഖ്വി ചെക്ക് സമ്മാനിച്ചു. തുടർന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ അവതാരകനുമായി സംസാരിച്ച് കഴിഞ്ഞതോടെ സമ്മാനദാനച്ചടങ്ങ് അവസാനിക്കുകയായിരുന്നു. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മൊഹ്സിൻ നഖ്വി സ്റ്റേഡിയത്തിൽനിന്ന് മടങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ വാഹനത്തിൽ ഏഷ്യാകപ്പ് ട്രോഫി ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2025ൽ പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമും നഖ്വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. നഖ്വിക്ക് പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഭാരവാഹി ട്രോഫി സമ്മാനിക്കണമെന്നും നഖ്വിയിൽനിന്ന് ട്രോഫി വാങ്ങില്ലെന്നുമാണ് ഇന്ത്യൻ ടീം അന്ന് അറിയിച്ചത്. എന്നാൽ ഈ അഭ്യർഥന നഖ്വി അംഗീകരിച്ചില്ല. ഇതോടെ ട്രോഫി വാങ്ങില്ലെന്ന് തീരുമാനമെടുത്ത് ഇന്ത്യൻ ടീമും മടങ്ങുകയായിരുന്നു.
International
റിയാദ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. കടലിടുക്കുവഴി നീങ്ങുകയായിരുന്ന കപ്പലിൽ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ സംഘടന അറിയിച്ചു. കപ്പലിൽ തീപിടിത്തമുണ്ടായി. ജീവനക്കാരെ ഒഴിപ്പിച്ചു. ഇറാനിലെ വാണിജ്യ കപ്പലിനു നേർക്കും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ പൂട്ടിയതിനു പിന്നാലെയുണ്ടായ സംഭവം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്തിയേക്കും. ഇറാക്കിൽനിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് പൈപ്പ്ലൈൻ പൂട്ടിയത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി കയറ്റുമതിക്കായി എണ്ണ ചെങ്കടൽ തീരത്ത് എത്തിച്ചിരുന്നത് ഈ പൈപ്പ്ലൈൻ വഴിയായിരുന്നു. പൈപ്പിനു നേർക്ക് ആക്രമണം നടത്തിയത് ആരാണെന്നു തെളിഞ്ഞിട്ടില്ല. ട്രംപ് ഇറാന്റെ നേർക്കാണു വിരൽ ചൂണ്ടിയത്.
International
മസ്കറ്റ്: ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവച്ചതെന്നാണ് വിശദീകരണം.
ചർച്ച മാറ്റിവച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മേഖലയിലെ സ്ഥിതിഗതികളും ഹോർമുസിലെ സംഘർഷവും ഉൾപ്പെടെ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങൾക്ക് ഒമാനാണ് മുൻകൈയെടുത്തിരുന്നത്. അതേസമയം, തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽ ഏതെങ്കിലും കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
Kerala
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ചരിത്രത്തിലിടംനേടി 420 വധൂവരന്മാർ മിന്നുചാർത്തി പുതുജീവിതത്തിലേക്കു പ്രവേശിച്ചു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ക്ഷേത്രസന്നിധിയിൽ നടന്ന 416 എന്ന വിവാഹ റിക്കാർഡാണ് അവസാനത്തെ ഞായറാഴ്ചയായ ഇന്നലെ 420 വിവാഹങ്ങളോടെ മറികടന്നത്. ദേവസ്വം-പൊലിസ്-ഫയർഫോഴ്സ് എന്നിവയുടെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു.
പുലർച്ചെ നാലിന് ഒന്നാം നമ്പർ മണ്ഡപത്തിലാണു വിവാഹം തുടങ്ങിയത്. മംഗളവാദ്യത്തിന്റെ അകമ്പടിയിൽ തുടർന്ന് മറ്റ് അഞ്ചു മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. രാവിലെ ഏഴോടെ 160 വിവാഹങ്ങളും 8.30നു 230 വിവാഹങ്ങളും കടന്നു. 10.30ന് 360 വിവാഹങ്ങളും നടന്നു. ഉച്ചപൂജയ്ക്ക് നടയടക്കുന്നതിനു മുമ്പായി വിവാഹത്തിരക്കൊഴിഞ്ഞു. ഭക്തർക്കു യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാതെയാണ് ഇത്രയും വിവാഹങ്ങൾ നടന്നത്. മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്തായി വധൂവരന്മാർക്കും ബന്ധുക്കൾക്കും വിശ്രമിക്കുന്നതിനു സൗകര്യമൊരുക്കിയിരുന്നു.
തെക്കേനടയിൽ ക്ഷേത്രമതിലിലെ ചുമർചിത്രത്തിനു മുന്നിലും കൂവളത്തിനു സമീപവും കേശവ പ്രതിമയ്ക്കു മുന്നിലും മരപ്രഭുവിന് മുന്നിലുമെല്ലാം ഫോട്ടോ എടുക്കുന്നതിന് വധൂവരന്മാരുടെ തിരക്കായിരുന്നു. സൽക്കാരത്തിനു ഗുരുവായൂരിൽ വിവാഹമണ്ഡപങ്ങൾ ലഭിക്കാത്തവർ ക്ഷേത്രസന്നിധിയിൽ വിവാഹം കഴിഞ്ഞയുടനെ സ്വന്തം സ്ഥലങ്ങളിലേക്കു തിരിച്ചുപോയി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വിവാഹങ്ങൾ തുടങ്ങിയതു മുതൽ ഉച്ചവരെ മേൽനോട്ടംവഹിച്ച് മണ്ഡപങ്ങൾക്കു സമീപംതന്നെയുണ്ടായിരുന്നു. ക്ഷേത്രം ഡിഎ എം. രാധ, മാനേജർ എ.വി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സഹായങ്ങളും നിർദേശങ്ങളും നൽകി.
നിലവിലെ പൊലിസിനു പുറമേ നൂറോളം പൊലിസുകാരെ അധികമായി ക്ഷേത്രനഗരിയിൽ വിന്യസിച്ചിരുന്നു. മോഷണങ്ങളും അനിഷ്ടസംഭവങ്ങളും തടയുന്നതിനു മഫ്തി പൊലിസിനെയും നിയോഗിച്ചു. വൺവേ സംവിധാനം കർശനമാക്കിയതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടില്ല. സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ 443 വിവാഹങ്ങളാണു ശീട്ടാക്കിയിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, ടെമ്പിൾ പൊലിസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപ്, എസ്ഐ കൃഷ്ണകുമാർ, ദേവസ്വം സെക്യൂരിറ്റി ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിച്ചത്.
Sports
പട്യാല: 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമില്‍ അഴിച്ചുപണി. ഗെയിംസിനു തിരിതെളിയാന്‍ വെറും അഞ്ചു ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് ആദ്യം പ്രഖ്യാപിച്ച 77 അംഗ അത്ലറ്റിക്സ് സംഘത്തില്‍നിന്നു മൂന്നു താരങ്ങളെ ഒഴിവാക്കിയത്. ജപ്പാനിലെ ഐച്ചി-നഗോയയില്‍ ഈ മാസം 19 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ്.
മൂന്നു മാറ്റങ്ങള്‍
വനിതാ ജാവലിന്‍ത്രോ താരം അന്നു റാണി, സ്പ്രിന്റര്‍ നിത്യ ഗാന്ധെ, പുരുഷ ലോംഗ്ജംപ് താരം ഷാഹ് നവാസ് ഖാന് എന്നിവരെയാണ് അവസാന സംഘത്തില്‍നിന്ന് ഒഴിവാക്കിയത്. ഇതോടെ അത്ലറ്റിക്സ് ടീം അംഗങ്ങളുടെ എണ്ണം 74ലേക്കു ചുരുങ്ങി. മോശം പ്രകടനം, ഫിറ്റ്നസ് പ്രശ്നം എന്നീ കാരണങ്ങളാണ് ഇവരെ ഒഴിക്കാനുള്ള കാരണം.
വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ അത്ലറ്റിക്സ് ഫൈനല്‍ സീരീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്നു റാണിയെ ഒഴിവാക്കിയത്. 57.62 മീറ്റര്‍ എന്ന ക്വാളിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് കടക്കാന്‍ അന്നു റാണിക്കു സാധിച്ചില്ല. 57.50 മീറ്റര്‍ മാത്രമാണ് അന്നു എറിഞ്ഞത്. 12 സെന്റിമീറ്ററിന്റെ കുറവില്‍ അന്നുവിന് ഏഷ്യന്‍ ഗെയിംസ് യോഗ്യത നഷ്ടപ്പെട്ടതായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. 2022 ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ 62.92 മീറ്ററുമായി അന്നു റാണി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
വനിതാ സ്പ്രിന്റ് റിലേ ടീമിലായിരുന്നു നിത്യ ഉണ്ടായിരുന്നത്. ഇന്ത്യന്‍ അത്ലറ്റിക്സ് ഫൈനല്‍ സീരീസില്‍ 100 മീറ്ററില്‍ 11.93 സെക്കന്‍ഡുമായി ഒമ്പതാം സ്ഥാനത്തു മാത്രമാണ് നിത്യ ഫിനിഷ് ചെയ്തത്. അതേസമയം, പുരുഷ ലോംഗ്ജംപില് 7.43 മീറ്റര്‍ ക്ലിയര്‍ ചെയ്യാനേ ഷാഹ് നവാസിനു സാധിച്ചുള്ളൂ. ആറാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു.
ജപ്പാനില്‍ ഇന്ത്യന്‍ ക്യാമ്പ്
23 മുതലാണ് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ശനിയാഴ്ച പുറപ്പെട്ട ഇന്ത്യന്‍ സംഘം ജപ്പാനില്‍ എത്തിച്ചേര്‍ന്നു. നിലവില്‍ ടോക്കിയോയ്ക്ക് സമീപമുള്ള സുകുബ യൂണിവേഴ്സിറ്റി ക്യാമ്പില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ സംഘം. 21നു ഗെയിംസ് വേദിയായ ഐച്ചി-നഗോയയില്‍ എത്തിച്ചേരും.
10 മലയാളി താരങ്ങളാണ് ഇന്ത്യന്‍ അത്ലറ്റിക്സ് സംഘത്തില്‍ ഉള്ളത്. ലോംഗ്ജംപില് മുരളി ശ്രീശങ്കര്‍, ഡെക്കാത്തലണില്‍ തൗഫീഖ്, 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്, 4x400 മീറ്റര്‍ റിലേ, മിക്സഡ് റിലേയില്‍ ടി.എസ്. മനു, ട്രിപ്പിള്‍ജംപില്‍ യു. കാര്‍ത്തിക്, 4x400 മീറ്റര്‍ റിലേ, മിക്സഡ് റിലേയില്‍ അന്‍സ ബാബു, ഹെപ്റ്റാത്തലണില്‍ കെ. അനാമിക, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്. അനു, ലോംഗ്ജംപില് ആന്‍സി സോജന്, 4x400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അഷ്ഫാഖ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
2022ല്‍ പുരുഷ-വനിതാ ലോംഗ്ജംപില് വെള്ളി നേടിയ താരങ്ങളാണ് ശ്രീശങ്കറും ആന്‍സി സോജനും. ഇത്തവണയും ഇരുവരും മെഡല്‍ പ്രതീക്ഷയാണ്.
Sports
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗ്രൂപ്പ് ഒന്ന് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ജിംനാസ്റ്റിക്സിൽ തിരുവനന്തപുരത്തിന് കിരീടം. 19 വീതം സ്വർണവും വെള്ളിയും 32 വെങ്കലവും നേടി 185 പോയിന്റുകളോടെയാണ് തിരുവനന്തപുരം ചാന്പ്യൻമാരായത്.
13 സ്വർണം 16 വെള്ളി, ഏഴ് വെങ്കലം എന്നിവയോടെ 123 പോയിന്റുകൾ നേടിയ ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനം നേടി. നാലു സ്വർണം, ആറു വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടി 46 പോയിന്റുകൾ കരസ്ഥമാക്കിയ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.
റെസ്ലിംഗ് മത്സരത്തിൽ 60 ഇനങ്ങളിൽ 40 എണ്ണം പൂർത്തിയായപ്പോൾ 88 പോയിന്റുകളുമായി കണ്ണൂർ മുന്നിൽ. തയ്ക്വണ്ടോയിൽ 68 ഇനങ്ങളിൽ 21 എണ്ണം പൂർത്തിയപ്പോൾ മലപ്പുറമാണ് മുന്നിലുള്ളത്. റെസ്ലിംഗിൽ കണ്ണൂർ ഇതുവരെയായി 13 സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും നേടിയിട്ടുണ്ട്.
12 സ്വർണവും രണ്ടു വെള്ളിയും ഒന്‍പത് വെങ്കലവുമായി 75 പോയിന്റുകൾ നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സ്വർണം, ആറ് വെള്ളി, 10 വെങ്കലം എന്നിവ കരസ്ഥമാക്കി 38 പോയിന്റെ നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്തുള്ളത്.
തയ്ക്വണ്ടോയിൽ ആറു വീതംസ്വർണവും വെള്ളിയും രണ്ടു വെങ്കലവുമായി 50 പോയിന്റ് നേടിയാണ് മലപ്പുറം ഒന്നാമതുള്ളത്. ആറ് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടി 38 പോയിന്റുകൾ നേടിയ കാസർഗോഡ് രണ്ടാം സ്ഥാനത്തും രണ്ടു സ്വർണം, മൂന്ന് വെള്ളി, രണ്ടു വെങ്കലം എന്നിവ നേടി 21 പോയിന്റുകളുള്ള എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.
Sports
മയാമി: മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോളില്‍ ഇന്റര്‍ മയാമിക്കു സമനില.
ഹോം മത്സരത്തില്‍ ഇന്റര്‍ മയാമി 2-2നു നാഷ്വില്ലയുമായി സമനിലയില്‍ പിരിഞ്ഞു. നാലാം മിനിറ്റില്‍ സാം സറിഡ്ജിലൂടെ നാഷ്വില്ല ലീഡ് നേടി.
എന്നാല്‍, 19-ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ സന്ദര്‍ശകര്‍ 1-1നു സമനിലയില്‍. 62-ാം മിനിറ്റില്‍ ലയണല്‍ മെസി ഇന്റര്‍ മയാമിക്കു ലീഡ് നല്കി. എന്നാല്‍, 90+1-ാം മിനിറ്റില്‍ സാം സറിഡ്ജ് വീണ്ടും ലക്ഷ്യംകണ്ടു.
Sports
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള വുഷു ടീമിൽനിന്നു തന്നെ ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നതായി ദിവ്യാൻഷി.
വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ സ്പോർട്സ് മന്ത്രാലയം ഓഗസ്റ്റ് 22നു പുറത്തിറക്കിയ പട്ടികയിൽ പതിനെട്ടുകാരിയായ ദിവ്യാൻഷി ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഇടത് മുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ദിവ്യാൻഷിക്കുപകരം രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ നൊറെം റോഷിബിന ദേവിയെ ഫെഡറേഷൻ ടീമിൽ ഉൾപ്പെടുത്തി.
പരിക്കുണ്ടെങ്കിലും മത്സരിക്കാൻ ഡോക്ടർമാർ അനുമതി നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിവ്യാൻഷി രംഗത്തെത്തിയിരുന്നു.
National
ന്യൂഡൽഹി/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കു സഹകരിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സന്നദ്ധത അറിയിച്ചതായി റഷ്യ.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഈ വാഗ്ദാനം മുന്നോട്ടു വച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ നിലപാടിനെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പുടിൻ മോദിയെയും ഷി ജിൻപിംഗിനെയും ധരിപ്പിച്ചതായും പെസ്കോവ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന മധ്യസ്ഥനീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും സന്ദർശനം നടത്തുകയും ട്രംപ് നേരിട്ടു പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
യുക്രെയ്നുമായും റഷ്യയുമായും ഒരുപോലെ നല്ല നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും സമാധാനശ്രമങ്ങൾക്കു സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രസ്താവനയിൽ യുക്രെയ്ൻ വിഷയം ഒഴിവാക്കി
ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പരാമർശമില്ലാത്തതു ചർച്ചയായി.
പലസ്തീൻ, പശ്ചിമേഷ്യ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ക്യൂബയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധത്തെക്കുറിച്ചും 15 ഖണ്ഡികകളിൽ വിവരണം നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ പേരുപോലും എടുത്തുപറയാതെ പൊതുവായ നയതന്ത്ര ആഹ്വാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും സഖ്യം പുലർത്തുമ്പോഴും റഷ്യയുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ പരന്പരാഗത നയതന്ത്ര സമവായത്തിനു തെളിവാണ് ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രത്യേകമായി എടുത്തുപറയുകയും യുഎൻ ഉൾപ്പടെയുള്ള വേദികളിലെ നിലപാടുകൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീവ്രശ്രമങ്ങളുമായി കെഎസ്ഇബി. എങ്ങനെയും വൈദ്യുതി എത്തിച്ചു തുടർച്ചയായുള്ള വൈദ്യുതി മുടക്കം പരിഹരിക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്ന് കെഎസ്ഇബി ഡയറക്ടർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു പോകും.
പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലേക്കാണ് വൈദ്യുതി ലഭ്യമാക്കാനായി ഡയറക്ടർമാർ പോകുന്നത്. ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ കഴിഞ്ഞ ദിവസം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതിയും നൽകിയിരുന്നു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സർക്കാരിന്റെ അടിയന്തര നിർദേശത്തെത്തുടർന്ന് ഇന്നലെ രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് പീക്ക് അവേഴ്സിൽ വൈദ്യുതി എത്തിക്കാൻ ശ്രമം. ഇതിനായി സർക്കാരിനോട് സാന്പത്തികസഹായവും ബോർഡ് തേടിയിട്ടുണ്ട്. യൂണിറ്റിന് 16 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരുമെന്നാണ് കരുതുന്നത്.
പ്രതിസന്ധി മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് അധികവൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഊർജിതമാക്കിയിട്ടുള്ളത്. വൈദ്യുതി ലഭ്യതയിൽ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി പീക്ക് അവേഴ്സിൽ കേരളത്തിൽ എത്തിക്കാനാണ് ശ്രമം.
എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം നിലനിൽക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പുതിയ വൈദ്യുതി നയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, മധ്യപ്രദേശിൽനിന്ന് കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും തിരിച്ചടിയായി.
രാത്രികാലത്തെ ആവശ്യകത നിറവേറ്റാൻ പവർ എക്സ് ചേഞ്ചുകളിൽനിന്ന് ഉയർന്ന നിരക്കിലാണ് ബോർഡ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്.
National
ഇംഫാൽ: മണിപ്പുരിലെ കുക്കി ഗ്രാമങ്ങളിൽ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ രണ്ടു സ്ത്രീകൾ ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു. താമെംഗ്ലോംഗ്, നോനി ജില്ലകളിലായിരുന്നു ആക്രമണം
താമെംഗ്ലോംഗ് ജില്ലയിലായിരുന്നു ആദ്യ ആക്രമണം. ടോളൻ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലോടെ ലിംഗൻഗായി സിംഗ്സിതും ഭർത്താവ് സെയ്നേയി സിംഗ്സിതും ആണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുഞ്ഞിനു പരിക്കേറ്റു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് സെയ്നേയി മരിച്ചത്.
ആക്രമണത്തിനു പിന്നാലെ കൂടുതൽ സുരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി.
നോനി ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു ആക്രമണം. ലോംഗ്പി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ജൂലി ഗംഗ്തേ എന്ന സ്ത്രീയും ആർ. ഗംഗ്തേ എന്ന പുരുഷനുമാണു കൊല്ലപ്പെട്ടത്.
അതേസമയം, മണിപ്പുരില്‍ രണ്ടിടത്ത് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലുള്ള ചാന്ദെല് ജില്ലയില്‍ ആസാം റൈഫിള്‍സാണ് വന്‍ ആയുധശേഖരം പിടിച്ചെടുത്തത്. ചുരാചന്ദ്പുര്‍ ജില്ലയില്‍ മണിപ്പുര്‍ പോലീസ് ആയുധങ്ങള്‍ പിടികൂടി. മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ ഗൂഢാലോചനയുടെ സാധ്യതകളും പരിശോധിക്കുന്നു.
അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും സംയുക്തമായാണ്, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്.
എജി നടത്തിയ നിയമപരിശോധനയിൽ, ഇഡിയുടെ കത്തിൽ പിണറായിക്കെതിരേ വിജിലൻസ് കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. അദ്ദേഹം ഇക്കാര്യം സർക്കാരിനെ അറിയിച്ചു. തുടർന്നാണ് ഡിജിപിയുമായി ചർച്ച ചെയ്തു നിയമോപദേശം തയാറാക്കാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത നിയമപരിശോധനയിലാണ് ഗൂഢാലോചനയിലെ നിയമവശം പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ 120(ബി) പ്രകാരം കേസെടുക്കാനാകും.
എന്നാൽ, പിണറായി വിജയന് ഗൂഢാലോചനയിലെ പങ്ക് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇഡിയുടെ കത്തിൽ ലഭ്യമാണോ എന്നു വ്യക്തമല്ല.
ഹവാല ഇടപാടിൽ ടി. വീണയ്ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിനും പണം കൈമാറിയ സുഹൃത്തുക്കൾക്കുമെതിരേ കേസെടുക്കാനാകുമോ എന്നതിൽ പരിശോധന നടന്നുവരികയാണ്.
നിയമോപദേശം ഇന്നു സർക്കാരിനു കൈമാറിയേക്കും. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17നു മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജിലൻസ് അന്വേഷണത്തിനാകും നൽകുക.
Kerala
കൊച്ചി: സംസ്ഥാനത്തു വളങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് എന്നിവയ്ക്ക് ഇരട്ടിയിലധികമാണു വില വര്‍ധിച്ചത്.
യുദ്ധവും കേന്ദ്രസര്‍ക്കാര്‍ രാസവള കമ്പനികള്‍ക്കു നല്‍കിയിരുന്ന സബ്സിഡി കുറച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാത്ത സാഹചര്യത്തില്‍ വളത്തിന്റെ വിലവര്‍ധന കര്‍ഷകര്‍ക്ക് അമിതഭാരമാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ചാക്ക് ഫാക്ടംഫോസിന് 1,425 രൂപയായിരുന്നു വില. ഇപ്പോഴത് 2,350 രൂപയായി. 1,500 രൂപയായിരുന്ന പൊട്ടാഷിന് 2,300 രൂപയായി. കുമിള്‍നാശിനിയായ തുരിശിന്റെ വില 210ല്‍നിന്ന് 540ലേക്ക് കുതിച്ചുയർന്നു.നിലവില്‍ സബ്സിഡി ഉള്ളതിനാല്‍ യൂറിയയ്ക്കു മാത്രമാണ് വില വര്‍ധിക്കാത്തത്.
വിലനിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിധിയിലാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അടിയന്തരമായി സബ്സിഡി പുനഃസ്ഥാപിച്ച് വില നിയന്ത്രിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണു കര്‍ഷകര്‍.
ഉത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാത്തതിനൊപ്പം ഉത്പാദനച്ചെലവ് ഇരട്ടിയാകുന്നത് കാര്‍ഷികമേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ അധ്യാപക-അനധ്യാപക സംഘടനകളുടെ അഭിപ്രായം തേടി സര്‍ക്കാര്‍. 22നുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാനാണ് സര്‍ക്കാര്‍ സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം 2030 മുതല്‍ അധ്യാപകരുടെ യോഗ്യതാമാനദണ്ഡത്തിലും മാറ്റമുണ്ട്. എട്ടാം ക്ലാസ് മുല് 12-ാം ക്ലാസ് വരെയുള്ള അധ്യാപകര്‍ക്ക് ബിരുദാനനന്തര ബിരുദം നിര്‍ബന്ധമാണ്. ഭാഷാധ്യാപകര്‍ക്ക് ബിരുദമോ പിജിയോ ഇവയ്ക്കൊപ്പം ബിഎഡും ഉണ്ടാവണം.
നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കുമെന്നു പറയുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലോവര്‍ പ്രൈമറി, പ്രൈമറി അധ്യാപകര്‍ക്ക് ബിരുദവും ബിഎഡും നിര്‍ബന്ധമാണെന്നും വ്യക്തമാക്കുന്നു.
ഇവ ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് അധ്യാപക-അനധ്യാപക സംഘടനകള്‍ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ആക്ടിംഗ് ചെയർപേഴ്സണ്‍ സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്.
അഞ്ചൽ കരുകോണിൽ പ്രവർത്തിക്കുന്ന ട്യൂട്ടോറിയലിലെ അധ്യാപകനായ സൂഫിയാനെതിരേയാണ് പരാതി. മറ്റു കുട്ടികളെയും ഇയാൾ മർദിച്ചതായി വാർത്തകളുണ്ടായിരുന്നു.
സംഭവത്തിൽ അഞ്ചൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
Kerala
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. എറണാകുളം മണ്‍സൂണ്‍ എംബ്രസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
ലോകത്തില്‍ സഭ പ്രസക്തമാകുന്നത് ബിസിനസും രാഷ്ട്രീയവും വിവിധ തൊഴില്‍ മേഖലകള്‍ ഉള്‍പ്പടെ എല്ലാ രംഗങ്ങളിലും അല്മായ പങ്കാളിത്തം വിശ്വാസാധിഷ്ഠിതമായി ശക്തമാകുമ്പോഴാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സാങ്കേതിക വികാസത്തിന് അനുരൂപമായി പുതിയ മേഖലകള്‍ കണ്ടെത്താനും പരസ്പരസഹകരണത്തില്‍ ഒന്നായി നിന്നുകൊണ്ട് ഒന്നിച്ചുവളരുവാനുള്ള സാഹചര്യം സൃഷ്ടിക്കാനും നമുക്ക് കഴിയണം. എന്നും ലോകമെമ്പാടും എത്തിച്ചേര്‍ന്ന് അവിടത്തെ സാഹചര്യങ്ങളോട് ഐക്യപ്പെട്ട് സംരംഭങ്ങളിലേക്കു കടക്കുവാന്‍ കഴിയുന്നത് വളര്‍ച്ചയെയാണു കാണിക്കുന്നതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. ടെസി തോമസ്, എല്‍. രാധാകൃഷ്ണന്, ഡോ.ജോസ്കുട്ടി ജെ. ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, വി.വി. അഗസ്റ്റിന്, അഡ്വ. ബിജു പറയന്നിലം, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ഡീന്‍ കുര്യാക്കോസ് എംപി, ബിസിനസ് രംഗത്തെ പ്രമുഖരായ ഷാജു തോമസ്, ജോ കുഞ്ചെറിയ, ബിജു ജോസഫ്, ഡോ. അലന് തോമസ്, ജോയ് ആലുക്കാസ്, ഡോ. രഞ്ജിത് തോമസ്, ജിതിന് ജോണ്‍, പോള്‍ മുണ്ടാടന്‍, ലിനറ്റ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കിയ പാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രസന്റേഷന്‍സ്, നെറ്റ്വര്‍ക്ക് സെഷനുകള്‍, പ്രമോഷനുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
Kerala
കൊച്ചി: നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് (എൻസിസിഎസ്), കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള (സിസിഎസ്കെ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ (സങ്കൽപ് 2047) 18, 19 തീയതികളിൽ കൊച്ചി താജ് വിവാന്തയിൽ നടക്കും.
18ന് രാവിലെ 11ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എംപി, ദക്ഷിണ നാവിക കമാൻഡ് വൈസ് അഡ്മിറൽ സമീർ സക്സേന, യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം, പൊലിസ് ഐജി പുട്ട വിമലാദിത്യ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. 19ന് രാവിലെ 9.30 ട്രാൻസ്ഫർമേഷൻ റോൾ ഫോർ സ്കൂൾസ് എന്ന വിഷയത്തിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സംസാരിക്കും. ഉച്ചയ്ക്ക് 12ന് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
വിവിധ സെഷനുകൾക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിബിഎസ്ഇ അഫിലിയേഷൻ ഡയറക്ടർ ജയപ്രകാശ് ചതുർവേദി, ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, തെലുങ്കാന സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജി. കിഷോർ എന്നിവർ നേതൃത്വം നൽകും
ആഗോളമാറ്റങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ആവശ്യകത ഉൾക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട സമഗ്രമാറ്റങ്ങൾ സെമിനാർ ചർച്ച ചെയ്യുമെന്ന് നാഷണൽ കോ ഓർഡിനേറ്റർ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.
സെമിനാറിന്റെ ഭാഗമായി പരിസ്ഥിതിസംരക്ഷണ ബോധവത്കരണത്തിന് കൊച്ചിയിൽ റൺ ഫോർ നേച്ചർ കൂട്ടയോട്ടം 19ന് രാവിലെ 6.30ന് നടത്തും. യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം നേതൃത്വം നൽകും.
Kerala
കൊച്ചി: വിദേശയാത്ര സ്വപ്നം കാണുന്ന യുവതികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്നു. വിമാന ടിക്കറ്റും ഫൈവ് സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പടെ സൗജന്യ വിദേശ ടൂർ വാഗ്ദാനം ചെയ്തു യുവതികളെ ലഹരിക്കടത്തിന്റെ കാരിയർമാരാക്കുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ തായ്ലൻഡ്, മലേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൂന്നു മുതൽ ആറു ദിവസം വരെ നീളുന്ന സൗജന്യയാത്രകൾ ഒരുക്കിയാണ് ലഹരി ശൃംഖലയുടെ കണ്ണികളാക്കുന്നത്. കൊച്ചി ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന യുവതികളാണ് പ്രധാനമായും ഇവരുടെ ഇരകൾ.
ഗിഫ്റ്റ് പാക്കറ്റുകളിലെ ലഹരി
യാത്രയുടെ മുഴുവൻ ചെലവുകളും സംഘം തന്നെ വഹിക്കും. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാം. എന്നാൽ, മടക്കയാത്രയിൽ ‘നാട്ടിലുള്ള സുഹൃത്തിനു നൽകാൻ’എന്ന വ്യാജേന ചെറിയ ഗിഫ്റ്റ് പാക്കറ്റുകൾ ഇവരെ ഏൽപ്പിക്കും. ഇതിലാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നത്.
ഗിഫ്റ്റ് പാക്കറ്റ് സിലിക്കൺ, കാർബൺ, അലുമിനിയം ഫോയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് പൊതിഞ്ഞ് മറ്റൊരു കവറിനുള്ളിലാക്കുന്നതിനാൽ വിമാനത്താവളത്തിലെ സ്കാനിംഗിൽപോലും തിരിച്ചറിയാൻ കഴിയില്ല. നാട്ടിലെത്തിയശേഷം സംഘാംഗങ്ങൾ നൽകുന്ന നമ്പറിൽ ബന്ധപ്പെട്ട് പാക്കറ്റ് കൈമാറുകയാണ് രീതി.
തുടർന്ന് സമ്മാനമായി വൻതുകയും വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും നൽകും. ഇതിനുപുറമെ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മനഃപൂർവം കാരിയർമാരാകുന്ന യുവതികളും ഈ സംഘത്തിലുണ്ടെന്നാണ് വിവരം.
പരിശോധന മറികടക്കാൻ ക്രൂര തന്ത്രങ്ങൾ
സ്ത്രീകളാകുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധന കുറവായിരിക്കുമെന്ന ലഹരിമാഫിയയുടെ കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ. സാനിറ്ററി നാപ്കിനുകളിൽ വരെ ലഹരി ഒളിപ്പിച്ചുകടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
അടുത്തിടെ തൃശൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി, സാനിറ്ററി നാപ്കിനിൽ ചുവന്ന പെയിന്റ് ഒഴിച്ചു രക്തക്കറയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ഒളിപ്പിച്ചുകടത്തിയത്. ഒരേ യാത്രയിൽ നിരവധി കാരിയർമാരെ ഉപയോഗിക്കുന്നതിനാൽ ഒരാൾ പിടിയിലായാലും ശൃംഖലയിലെ മറ്റു കണ്ണികൾ സുരക്ഷിതരായി രക്ഷപ്പെടുകയാണ് പതിവ്.
Kerala
കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനത്തിലൂടെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.
കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എ. ബേബി വ്യക്തമാക്കി.
സിപിഎമ്മിനെ തകര്‍ക്കാന്‍ നിരന്തരമായി കള്ളപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ നിര്മിതികളുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേയുള്ള വ്യാജ പ്രതീതി നിര്‍മാണം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് തിരുത്തി ജനവിശ്വാസം വീണ്ടെടുത്തു മുന്നോട്ടുപോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം സ്വയം വിമര്‍ശനപരമായി സംസാരിക്കേണ്ടതില്ല.
ജനങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും സ്വീകരിക്കാന്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ടുകൊണ്ടു മുന്നോട്ടുപോകും. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയ്ക്കാണ് ചെറിയ ചില തെറ്റുകള്‍ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചുപോകുന്നത്. അത് തുറന്നുപറഞ്ഞ് തിരുത്തും.
അപ്പോള്‍ തെറ്റ് ചെയ്തെന്ന് സമ്മതിച്ചല്ലോ എന്ന് പരിഹസിക്കുന്നവര്‍ തെറ്റുമാത്രം ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ചില ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും ദൂരീകരിക്കാന്‍ ഇനിയുള്ള നാളുകളിലെ പ്രവര്‍ത്തനത്തിലൂടെ സാധിക്കണം.
സമഗ്രമേഖലകളിലും ആര്‍എസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. അന്വേഷണ എജന്സികളില്പോലും ആര്‍എസ്എസ് കടന്നുകയറുന്നു. കേരളത്തിലെ അന്വേഷണ എജന്‍സികളിലും ആര്‍എസ്എസ് കടന്നുകയറിയിട്ടുണ്ട്. ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിരോധിച്ചത് സിപിഎമ്മാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നുവെന്ന് ആരും വ്യാമോഹിക്കേണ്ട. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം വിമര്‍ശനം നടത്തും. ചില വിഭാഗങ്ങളില്‍ ഉണ്ടായ തെറ്റിധാരണയും മറ്റു വിഷയങ്ങളും ഒഴിവാക്കാന്‍ കഴിയണമെന്നും എം.എ. ബേബി പറഞ്ഞു.
Kerala
കോഴിക്കോട്: തെറ്റുകള്‍ തിരുത്തി സംഘടനാപരമായ ശക്തി വര്‍ധിപ്പിച്ച് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പ്രാദേശികമായുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം താഴെത്തട്ടിലേക്കു നേരിട്ടിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കോഴിക്കോട്ട് തുടക്കം കുറിച്ച മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ആദ്യദിനം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര- സംസ്ഥാന കമ്മിറ്റികള്‍ വിലയിരുത്തിയ ഘടകങ്ങള്‍ ഓരോന്നായി വിപുലീകൃത സംസ്ഥാന യോഗത്തില്‍ ചര്‍ച്ച ചെയ്യും. നേതൃതലം മുതല്‍ താഴെത്തട്ടുവരെ എന്തെല്ലാം തിരുത്തലുകളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.
പാര്‍ട്ടിയില്‍ ശക്തീകരണം ഉറപ്പുവരുത്തും. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും ഭരണപരമായി സംഭവിച്ച വീഴ്ചകള്‍ തിരുത്താനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും തെറ്റുതിരുത്തലും സംബന്ധിച്ച വിവരം രേഖാമൂലം പ്രവര്‍ത്തകരെ അറിയിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പ്രതിനിധികളാണു മൂന്നു ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും പൊതു ചര്‍ച്ചകള്‍ക്കും ശേഷം മൂന്നാം ദിവസം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തോടും ബഹുജന റാലിയോടും കൂടി യോഗം സമാപിക്കും.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇങ്ങനെ പോയാല്‍ നിലപാടുകളുടെ രാജകുമാരന്റെ നില ‘പാടാകും’എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
നിലപാടുകളുള്ള ഒരു നേതാവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണിതെന്നാണ് എല്ലാവരും അവതരിപ്പിച്ചത്. നിലപാടുകളുടെ രാജകുമാരന് എന്നു പറയുന്ന എന്റെ പ്രിയ സുഹൃത്ത് എന്താണു ചെയ്യുന്നതെന്ന് ആലോചിക്കുമ്പോള്‍ ഇങ്ങനെ പോയാല്‍ നില കുറച്ച് ‘പാടാകു’മെന്നാണു തോന്നുന്നത്.
ഈ സര്‍ക്കാര്‍ ചെയ്യുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കുമെന്നാണ് പലരും പറയുന്നത്. പക്ഷേ, വലതുപക്ഷ ശക്തികള്‍ എന്തെങ്കിലും അബദ്ധങ്ങള്‍ കാണിച്ച് ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായിട്ടുണ്ടാകുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വളരാനല്ല സിപിഎം ഉദ്ദേശിക്കുന്നത്- എം.എ. ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പിഎസ്സിയുടെ നിര്‍ണായക യോഗം ഇന്ന്. ഇന്നു രാവിലെ തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ എല്ലാ അംഗങ്ങളോടും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനു ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു എത്തില്ലെന്ന പിഎസ്സിയുടെ കത്ത് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം യോഗത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ചയാകുക. അതേസമയം ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പിഎസ്സി നിയമോപദേശം തോടിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകില്ലെന്നാണ് പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലപാട്. പിഎസ്സിക്ക് പ്രത്യേക പരിരക്ഷയുള്ളതിനാല്‍ പിഎസ്സി ആസ്ഥാനത്തെ അംഗങ്ങളുടെ മുറികളിലെത്തി ചോദ്യം ചെയ്യമെന്നു കാണിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു കത്തും നല്‍കിയിരുന്നു. എന്നാല്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും നാളെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് തന്നെ വരണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ക്രൈം ബ്രാഞ്ച് വിട്ടുവീഴ്ചയ്ക്കില്ലന്നു വ്യക്തമാക്കിയതോടെയാണ് പിഎസ്സി ഇതുമായി ബന്ധപ്പെട്ടു നിയമോപദേശം തേടുന്നതിനു തീരുമാനിച്ചത്. നിയമോപദേശം ഇന്നു ലഭിക്കും.
പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സി.കെ. ഷാജിബ്, സ്റ്റാനി തോമസ് എന്നിവര്‍ക്കാണ് നാളെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്നു പേരും പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. വരുംദിവസങ്ങളില്‍ ചെയര്‍മാനടക്കം എല്ലാവര്ക്കും നോട്ടീസ് നല്‍കുന്നതിനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്.
Kerala
കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം കൂടുതല്‍ പ്രായോഗികമാക്കാന്‍ വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യമടക്കം അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. പി.ബി. ബോസ്, ഇന്ത്യ റീജൺ ചെയര്മാന് അഡ്വ. കെ.വി. സാബു എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്കു സ്വന്തം മണ്ഡലത്തിലെ ബൂത്തില്‍ നേരിട്ടെത്താതെ വോട്ട് ചെയ്യാന്‍ ഇലക്്ട്രോണിക് പോസ്റ്റല്‍ ബാലറ്റ്, എംബസി, കോണ്‍സുലേറ്റ് അധിഷ്ഠിത വോട്ടിംഗ് അല്ലെങ്കില്‍ മറ്റു സുരക്ഷിത സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
എംബസികളെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും പ്രവാസിസംഘടനകളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റല്‍ സഹായ സംവിധാനം രൂപീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ശബരിമല മണ്ഡലകാല-മകരവിളക്ക് തീർഥാടന മുന്നൊരുക്ക പ്രവർത്തനം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് 551.5 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനത്തിനും വിവിധ ജില്ലകളിലെ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുമായാണ് തുക പ്രധാനമായി വിനിയോഗിക്കുക.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർത്ത അവലോകനയോഗത്തിനു പിന്നാലെയാണ് സർക്കാർ ധനാനുമതി നൽകിയത്. യോഗത്തിൽ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പദ്ധതി നിർദേശം രണ്ടു ദിവസത്തിനകം ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു.
തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള പ്രധാന റോഡുകൾ, തീർഥാടന പാതകൾ, പാലങ്ങൾ, മറ്റു പൊതുമരാമത്ത് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ നവീകരണവും അറ്റകുറ്റപ്പണികളും നിർണായകമാണ്.
Kerala
വാഷിംഗ്ടൺ ഡിസി: നിർമിതബുദ്ധി (എഐ) അനിയന്ത്രിതമായും വേഗത്തിലും വികസിപ്പിക്കുന്നത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യവംശത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാമെന്നും അതിനാൽ സാങ്കേതികവിദ്യയുടെ വികസനവേഗം കുറയ്ക്കണമെന്നും പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്യുടെ മുന്നറിയിപ്പ്.
എഐ സാങ്കേതികവിദ്യ സ്വയം മെച്ചപ്പെടാനുള്ള ശേഷി കൈവരിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യം പോകുമെന്നും ശനിയാഴ്ച എക്സിൽ പങ്കുവച്ച വിശദമായ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആന്ത്രോപിക്കിൽനിന്ന് അടുത്തിടെ രാജിവച്ച ഗവേഷകൻ ജേക്കബ് കോക്സന്റെ മുന്നറിയിപ്പിനോടും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ അമോഡെയ് യോജിച്ചു. എഐ നിർമിക്കുന്നവർതന്നെ ഇത് മനുഷ്യവംശത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്നായിരുന്നു കോക്സന്റെ വെളിപ്പെടുത്തൽ.
കൂടാതെ, ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ എന്ന എഐ മോഡൽ ആയുധവികസനത്തിനും സൈബർ ആക്രമണങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽക്കൂടിയാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്.
എഐ വികസനം പൂർണമായി നിർത്താനല്ല; മറിച്ച്, സുരക്ഷാ മുൻകരുതലുകൾക്കും ഗവേഷണങ്ങൾക്കും കൂടുതൽ സമയം നൽകാനാണ് ഈ വേഗനിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, ചൈന പോലുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്കയ്ക്കുള്ള സാങ്കേതിക മുൻതൂക്കം നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ജനാധിപത്യ രാജ്യങ്ങൾ ഈ വേഗനിയന്ത്രണം നടപ്പിലാക്കേണ്ടതെന്നും അമോഡെയ് കൂട്ടിച്ചേർത്തു.
സ്വതന്ത്ര നിരീക്ഷണ സംവിധാനം കൊണ്ടുവരുന്നതിനെയും അമോഡെയുടെ നിർദേശങ്ങളെയും പിന്തുണച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എക്സ് എഐ മേധാവി ഇലോൺ മസ്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വരുമാനത്തിൽ അടക്കം വർധന വന്നപ്പോൾ ചെലവും ആനുപാതികമായി കുതിച്ചുയർന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിലും പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിലും വർധന വരുത്തിയതോടെയാണ് ചെലവ് കുതിച്ചത്.
ജീവനക്കാരുടെ ശന്പളവും പെൻഷനും നൽകാൻ പ്രതിമാസം 1080.25 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുന്നത് യുഡിഎഫ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പിണറായി സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള ഡിഎ, ഡിആർ അനുവദിച്ചതാണ് ചെലവ് കുതിച്ചുയരാൻ ഇടയാക്കിയതെന്ന് എജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാന്പത്തികവർഷം (2025-26) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസം സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കാൻ ചെലവഴിച്ചത് 19,839.11 കോടി രൂപയായിരുന്നു.
എന്നാൽ നിലവിലെ സാന്പത്തികവർഷം (2026-27) ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ശന്പള ഇനത്തിൽ കണ്ടെത്തേണ്ടി വന്നത് 23,142.16 കോടി രൂപയായി ഉയർന്നു. അതായത് 3303.05 രൂപ അധികമായി കണ്ടെത്തേണ്ടി വന്നു. പ്രതിമാസം ശരാശരി 660.6 കോടി രൂപ ജീവനക്കാരുടെ ശന്പളത്തിനായി അധികമായി കണ്ടെത്തണ്ടേ സാഹചര്യം. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ശന്പളത്തിനായി ചെലവഴിച്ചത് 4665.55 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 4010.87 കോടി മാത്രമായിരുന്നു.
പെൻഷൻ ഇനത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ചെലവഴിച്ചത് 13,772.20 കോടി രൂപയായിരുന്നു. ഈ സാന്പത്തികവർഷം ഇതേ കാലയളവിൽ 2098.26 കോടി രൂപ സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ പെൻഷനായി ചെലവഴിച്ചത് 15,870.46 കോടിയാണ്.
കഴിഞ്ഞ വർഷം ജീവനക്കാരുടെ ഡിഎ 15 ശതമാനം മാത്രമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപു കഴിഞ്ഞ മാർച്ചിൽ ഡിഎ, ഡിആർ 20 വർധിപ്പിച്ചു പിണറായി സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡിഎ, ഡിആർ 35 ശതമാനമായി. ഇതാണ് സർക്കാർ ചെലവുകൾ വർധിക്കാനും ഇടയാക്കിയത്. ജിഎസ്ടി അടക്കമുള്ള നികുതി വരുമാന വർധനയിലൂടെയും കടമെടുത്തുമാണ് അധികഭാരം വി.ഡി. സതീശൻ സർക്കാർ താങ്ങുന്നത്.
Kerala
വാണിയംപാറ/ വടക്കഞ്ചേരി: ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഒരാൾ മരിച്ചു. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ബിഎസ്എൻഎൽ റിട്ടയേഡ് ജീവനക്കാരൻ വാണിയംപാറ നീലിപ്പാറ, പൊട്ടിമട അബ്ദുൾ റസാക്ക് (65) ആണു മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണു പരിക്ക്. ഇവരെ ആലത്തൂർ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷക്കീലയുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുൾ റസാക്കിനെ രക്ഷിക്കാനായില്ല.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ ഓടിച്ചിരുന്ന തൃശൂർ ചിയ്യാരം സ്വദേശി അമലിനെയും (22) കാറും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെണു പ്രാഥമിക വിവരം.
ജോലി കിട്ടിയ മകളെ കാണാൻ എറണാകുളത്തേക്കു പോകുകയായിരുന്നു അബ്ദുൾ റസാക്കും ഭാര്യ ഷക്കീലയും. മകൾക്കു ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശനിയാഴ്ച അയൽവാസികൾക്കും മറ്റും മിഠായി വിതരണം നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അബ്ദുൾ റസാക്കിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം പന്തലാംപാടം മയ്യത്താങ്കര കബർസ്ഥാനിൽ കബറടക്കി. മക്കൾ: മുനാഫ്, നാഹിത, നസ്രിൻ.
National
ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പാതകളിലെ ചേരിപ്രദേശങ്ങൾ മറച്ചുകെട്ടിയ നടപടി വിവാദത്തിൽ. ദക്ഷിണ ഡൽഹിയിലെ വസന്ത് വിഹാർ, ആർ.കെ. പുരം തുടങ്ങിയ ഭാഗങ്ങളിലെ ‘കൂലി ക്യാമ്പ്’ അടക്കമുള്ള ചേരികളാണ് ഉയരമുള്ള പച്ചയും വെള്ളയും നിറങ്ങളിലുള്ള സ്ക്രീനുകൾ ഉപയോഗിച്ച് മറച്ചത്.
ദാരിദ്ര്യം ലഘൂകരിക്കുന്നതിനു പകരം വിദേശ പ്രതിനിധികളുടെ കണ്ണിൽപ്പെടാതിരിക്കാൻ രാജ്യത്തെ സാമൂഹിക യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയാണ് കേന്ദ്രസർക്കാരും പ്രാദേശിക ഭരണകൂടവും ചെയ്യുന്നതെന്ന് പ്രദേശവാസികളും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
2023ലെ ജി20 ഉച്ചകോടിയുടെ സമയത്തും സമാനമായ രീതിയിൽ ചേരിപ്രദേശങ്ങൾക്കു ചുറ്റും മറകൾ സ്ഥാപിച്ചിരുന്നു. മറകൾ ഉയർന്നതോടെ ഗതാഗതവും ദൈനംദിന ഉപജീവനവും തടസപ്പെട്ടതായും പ്രദേശത്തെ നിർമാണ-ശുചീകരണ തൊഴിലാളികൾ ആരോപിച്ചു.
ഗതാഗത നിയന്ത്രണം വരുമാനത്തെ ബാധിച്ചു: തൊഴിലാളികൾ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് മൂന്നു ദിവസമായി ഏർപ്പെടുത്തിയ കനത്ത ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് സാധാരണക്കാർ.
നിയന്ത്രണങ്ങൾ കാരണം നഗരത്തിന്റെ പ്രധാന മേഖലകളിൽ യാത്രകളും ഡെലിവറി ഓർഡറുകളും വൻതോതിൽ കുറഞ്ഞതായി ഓട്ടോറിക്ഷ, ഡെലിവറി തൊഴിലാളികൾ ചൂണ്ടിക്കാട്ടി. ഇത് തങ്ങളുടെ ദിവസവരുമാനത്തെ സാരമായി ബാധിച്ചതായും തൊഴിലാളികൾ ആരോപിച്ചു.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ അനൗദ്യോഗിക പരിപാടിയിൽ പ്രശസ്ത ഹിന്ദി പിന്നണി ഗായകൻ കിഷോർ കുമാറിന്റെ ഗാനം ആലപിച്ച് സമൂഹമാധ്യമത്തിൽ കൈയടി നേടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.
ഉച്ചകോടിക്കിടയിലെ അനൗദ്യോഗിക പരിപാടിക്കിടയിലാണ് ‘തീൻ ദേവിയാം’ എന്ന സിനിമയ്ക്കായി എസ്.ഡി. ബർമൻ സംഗീതം നൽകി 1965ൽ പുറത്തിറങ്ങിയ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്...’എന്ന ഗാനം പിയാനോയുടെ അകമ്പടിയോടെ അദ്ദേഹം ആലപിച്ചത്. പാട്ട് പാടുന്നതിന്റെ വീഡിയോ അദ്ദേഹംതന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി മലേഷ്യൻ പ്രധാനമന്ത്രി ഇന്നലെ പ്രഭാതഭക്ഷണത്തിനിടെ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
പതിവിനു വിരുദ്ധമായി ടി ഷർട്ടിനും പാന്റ്സിനും പകരം പൈജാമയും ജുബ്ബയുമായിരുന്നു രാഹുലിന്റെ വേഷം. ആഗോള വിഷയങ്ങളിൽ ഇരുവരുടെയും അഭിപ്രായങ്ങൾ കൂടിക്കാഴ്ചയിൽ പരസ്പരം പങ്കുവച്ചതായി നേതാക്കൾ പിന്നീട് വ്യക്തമാക്കി.
ഇന്ത്യയിലെത്തുന്ന രാഷ്ട്രത്തലവന്മാർ പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവില്ലാത്ത സാഹചര്യത്തിലാണ് ഇരുവരും ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ അൻവർ ഇബ്രാഹിം നയതന്ത്ര ചർച്ച നടത്തിയിരുന്നു.
National
ന്യൂഡൽഹി: പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, ഫിൻടെക്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ശാസ്ത്ര-സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യയും ഫിലിപ്പീൻസും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ നടത്തിയ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തിയത്.
2025 ഓഗസ്റ്റിൽ നിലവിൽ വന്ന ഇന്ത്യ-ഫിലിപ്പീൻസ് പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യ കൂട്ടായ്മയിൽ ചേരാനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തെയും നിലവിലെ ആസിയാൻ അധ്യക്ഷൻ എന്നനിലയിൽ ബ്രിക്സ് ഉച്ചകോടിയിൽ ഫിലിപ്പീൻസ് പങ്കെടുത്തതിനെയും ഇന്ത്യ സ്വാഗതം ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത്തരം ഒരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞു.
ടിവികെ അധികാരത്തിലെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ പുതിയ പദ്ധതികളൊന്നും അവര്‍ നടപ്പിലാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ പേര് മാറ്റി ക്രെഡിറ്റ് അടിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ഡമ്മി മുഖ്യമന്ത്രിയെ തങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ഉദയനിധി സ്റ്റാലിന് വ്യക്തമാക്കി. നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടി കാരണം ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് തൊകായേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു ഇരുനേതാക്കളുടെയും ഉഭയകക്ഷി സംഭാഷണം.
അടുത്തിടെയായി ഇന്ത്യയും കസാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ സ്ഥിരതയാർന്ന വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച ഇരുനേതാക്കളും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആവർത്തിച്ചു.
കസാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പുരാതന സാംസ്കാരിക ബന്ധങ്ങളെ ഓർമിപ്പിച്ച പ്രധാനമന്ത്രി മോദി, രാഷ്ട്രീയം, വ്യാപാരം, പ്രതിരോധം, സുരക്ഷ, കണക്ടിവിറ്റി, ഊർജം, സുപ്രധാന ധാതുക്കൾ , വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ക്രിയേറ്റീവ് ഇക്കോണമി, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ സഹകരണം പ്രസിഡന്റിനൊപ്പം വിലയിരുത്തി.
National
ന്യൂഡൽഹി: അന്താരാഷ്ട്ര ബിഗ് ക്യാറ്റ് അലയൻസിൽ (ഐബിസിഎ) ചേരാൻ ദക്ഷിണാഫ്രിക്കയെ ക്ഷണിച്ച് ഇന്ത്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ക്ഷണം കൈമാറിയത്.
കടുവ, സിംഹം, പുള്ളിപ്പുലി ഉൾപ്പടെ ലോകത്തിലെ പ്രധാന ഏഴു വലിയ പൂച്ചവർഗങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മയാണു ഐബിസിഎ.
National
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനെതിരേ പ്രതിഷേധിച്ച 64 ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു.
ഭാരത് മണ്ഡപത്തിനു സമീപമുള്ള ഭൈരോണ്‍ മാര്‍ഗിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് ടിബറ്റന്കാരെ ഡല്‍ഹി പൊലിസ്കസ്റ്റഡിയിലെടുത്തത്.
ടിബറ്റന്‍ ദേശീയപതാകയുമേന്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലിസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
National
ലുധിയാന: പഞ്ചാബിൽ രണ്ടു കൊടുംകുറ്റവാളികൾ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഡോനി ബാൽ ഗാംഗിലെ കരൺ ജോത് സിംഗ്, സന്ദീപ് സിംഗ് എന്നിവരാണ് അതംനഗർ പൊലിസ് പോസ്റ്റിനു സമീപം കൊല്ലപ്പെട്ടത്.
ഇരുവരും അമൃത്സറിലെ സുൽത്താൻവിന്ദ് റോഡ് നിവാസികളാണ്. ലുധിയാന പൊലിസും ആന്റി ഗംഗ്സ്റ്റർ ടാസ്ക് ഫോഴ്സും സംയുക്തമായാണ് കൊടും കുറ്റവാളികളെ നേരിട്ടത്.
രക്തദാന ക്യാന്പ് സംഘടിപ്പിച്ചവരെ കൊലപ്പെടുത്താൻ പോകവേയാണ് കരൺജോതിനെയും സന്ദീപിനെയും പൊലിസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
National
മുംബൈ: എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029നു മുന്‍പ് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 12 വർഷത്തെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ 25 വർഷത്തെ പ്രയാണത്തെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അമിത് ഷാ.
“മുത്തലാക്ക് നിർത്തലാക്കി. മുസ്ലിം വനിതകൾക്ക് തുല്യാവകാശം നല്കി. ഒട്ടേറെ സംസ്ഥാനങ്ങളിൽ ഞങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി.
എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് ’’’- അമിത് ഷാ പറഞ്ഞു.
Kerala
പാലാ: മാര്‍ സ്ലീവ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ഒരു വയസ്. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സാകേന്ദ്രത്തിനു തുടക്കംകുറിച്ചത്.
ആശുപത്രിയുടെ അനക്സ് ഒന്നില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാന്‍സര്‍ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു.
നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്ന ദര്‍ശനത്തോടെയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്ഘവീക്ഷണത്തില് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ പ്രവര്‍ത്തനം തുടങ്ങിയത്. ആയിരത്തില്‍ അധികം പെറ്റ് - സിടി സ്കാനുകള്‍ കൃത്യമായ രോഗനിര്‍ണയത്തിനും രോഗത്തിന്റെ ഘട്ടനിര്‍ണയത്തിനും ഇവിടെനിന്നു സാധിച്ചു .
500ലധികം റേഡിയോതെറാപ്പി ചികിത്സകളും ലഭ്യമാക്കി. സ്തന സ്വയംപരിശോധനയും മാമോഗ്രാഫി ബോധവത്കരണ ക്യാമ്പുകളും എഐ തെര്‍മലാറ്റിക്സ് അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിംഗ് ക്യാമ്പുകളും ഉള്‍പ്പെടുന്ന പദ്ധതികളിലൂടെ രണ്ടായിരത്തില്പരം ആളുകളിലേക്കു സേവനം എത്തിച്ചു.
ഇലക്ട്ര വേര്‍സ എച്ച്ഡിആര്‍എസ് ലീനിയര്‍ ആക്സിലറേറ്റര്‍, ഏഴ് മിനിറ്റിനുള്ളില്‍ കാന്‍സര്‍ രോഗം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക ഡിജിറ്റില്‍ പെറ്റ് സിടി സീമന്‍സ് സിംബിയ ഇവോ സ്പെക്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ക്കൊപ്പം ആധുനിക കീമോതെറാപ്പി സൗകര്യങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക കാന്‍സര്‍ പരിചരണം, നൂതന ട്രാന്‍സ്പ്ലാന്റ്, സെല്ലുലാര്‍ തെറാപ്പി സേവനങ്ങള്‍ എന്നിവയും ഈ കേന്ദ്രത്തില്‍ ലഭ്യമാണ്. ഹൈപെക് , പൈപെക് തുടങ്ങിയ നൂതന ചികിത്സകളും സെന്ററിന്റെ പ്രത്യകതയാണ്.
ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റെംസെല്‍ ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റും കാര്‍-ടി സെല്‍ തെറാപ്പി സേവനങ്ങള്‍ക്കും തുടക്കം കുറിക്കുന്നതോടെ സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ പറഞ്ഞു. ഇന്നു രാവിലെ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ ആശീര്‍വാദം നിര്‍വഹിക്കും.നാല് ബെഡോടുകൂടിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് ആന്‍ഡ് കാര്‍-ടി-സെല്‍ തെറാപ്പി യൂണിറ്റാണ് പുതുതായി ഒരുങ്ങുന്നത്.
Kerala
തലശേരി: കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വിദ്യാർഥിനി വീണു പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തെത്തുടർന്ന് കോർപറേറ്റ് ഏജൻസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് വിശദീകരണക്കുറിപ്പ്.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് ശേഷം ആറാം ക്ലാസിലെ ഒരു വിദ്യാർഥിനി ക്ലാസ് മുറിയിൽ വീഴാനിടയായി. ആ സമയത്ത് ലീവ് വേക്കൻസിയിൽ സേവനം ചെയ്തിരുന്ന അധ്യാപിക ക്ലാസിൽ കുട്ടികൾ കൂടിനിൽക്കുന്നത് കണ്ട് ക്ലാസിലേക്കു ചെല്ലുകയും കുട്ടി നിലത്തിരിക്കുന്നത് കാണുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്ന് സഹപാഠികൾ അധ്യാപികയെ അറിയിച്ചു. ക്ലാസിൽ എല്ലാവരും അച്ചടക്കം പാലിക്കണമെന്ന് അധ്യാപിക കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടിക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു. എന്നാൽ ക്ലാസിൽ വെള്ളം ഇല്ലാതിരുന്നതിനാൽ അധ്യാപിക രണ്ടു കുട്ടികളെ വെള്ളമെടുക്കാൻ പറഞ്ഞുവിട്ടു. അതിനുശേഷം കുട്ടിക്ക് വെള്ളം കൊടുത്ത് മുഖം കഴുകാൻ പറഞ്ഞു.
ആറാം പീരിയഡിനു ശേഷം അധ്യാപിക വീണ്ടുമെത്തി കുട്ടിക്ക് വീട്ടിൽ പോകണോ എന്ന് ചോദിക്കുകയും ചെയ്തു; എന്നാൽ കുട്ടി വേണ്ടെന്ന് മറുപടി നൽകി. തുടർന്ന് ഏഴാം പീരിയഡിൽ കുട്ടിയുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ മുൻ ക്ലാസ് അധ്യാപികയുടെ സഹായം തേടി. കുട്ടിക്ക് നേരത്തേ തന്നെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നഅധ്യാപിക കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു.
വൈകാതെ സ്കൂൾ വിടാൻ സമയമായതിനാൽ ആശ്വസിപ്പിച്ച് സാധാരണപോലെ ഓട്ടോയിൽ വിട്ടാൽ മതിയെന്ന് അറിയിച്ചതിനെത്തുടർന്ന് അധ്യാപിക വിക്സ് പുരട്ടിക്കൊടുത്ത് കൂടെയിരുത്തുകയും തുടർന്ന് ഓട്ടോറിക്ഷയിൽ കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ കുട്ടിയുടെ പിതൃസഹോദരൻ സ്കൂൾ മുഖ്യാധ്യാപകന്‍ രേഖാമൂലം പരാതി സമർപ്പിച്ചു. സോഡിയം കുറഞ്ഞ് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപകരമായി സംസാരിച്ചെന്നുമായിരുന്നു പരാതിയിലെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് മാനേജ്മെന്റ് വസ്തുതകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. 10, 11 തീയതികളിൽ അന്വേഷണ സമിതി മുഖ്യാധ്യാപകൻ, അധ്യാപകർ, വിദ്യാർഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്ന് നേരിട്ട് മൊഴികൾ രേഖപ്പെടുത്തി.
രണ്ടുപേരൊഴികെ ബാക്കി എല്ലാവരുടെയും മൊഴിയിൽ നിന്ന് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രസ്തുത വിദ്യാർഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവയ്ക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരാതിയിൽ കുട്ടിയുടെ പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത് എന്ന വസ്തുത ഈ പരാതിക്കു പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കാൻ കാരണമാകുന്നു.
വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദേശപ്രകാരം പിതൃസഹോദരനാണ് പരാതി നൽകിയത്. സഹോദരൻ ഫോണിൽ പറഞ്ഞ വിവരങ്ങൾ വച്ചാണു പരാതി നൽകിയതെന്നും നിലവിൽ കാര്യങ്ങൾ സംസാരിച്ച് രമ്യമായി പരിഹരിച്ചതിനാൽ യാതൊരു പരാതിയുമില്ലെന്നും ഇദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചു.
മേൽസംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സർക്കാരും വിവിധ ഏജൻസികളും നടത്തിയ എല്ലാ അന്വേഷണങ്ങളോടും സ്കൂൾ അധികൃതർ പൂർണമായി സഹകരിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് കുട്ടികൾ പഠിച്ച് ഉയരങ്ങളിൽ എത്തിയ ഈ മാതൃക വിദ്യാലയത്തെയും അധ്യാപകരെയും സമർപ്പിതരെയും അപകീർത്തിപ്പെടുത്താൻ സമൂഹത്തിലെ ചിലർ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു.
കണ്ണൂർ ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ കുന്നോത്ത് യു പി സ്കൂളിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കാന് അഭ്യർഥിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
Kerala
കോട്ടയം: ഓള് കേരള കേറ്ററിംഗ് അസോസിയേഷന് (എകെസിഎ) എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എകെസിഎ- കൊട്ടാരം സൂപ്പര്‍ ഷെഫ് മത്സരം നാളെ രാവിലെ 10ന് ഏറ്റുമാനൂര്‍ കെഎന്‍ബി കണ്വന്ഷന് സെന്ററില്‍ നടക്കും.
നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഏലിയാസ് സഖറിയ അധ്യക്ഷത വഹിക്കും. വി.കെ. വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഷെഫുമാര്‍ മത്സരത്തില്‍ പങ്കെടുക്കും. ബിരിയാണി, സാലഡ്, സ്റ്റാര്‍ട്ടര്‍ എന്നീ മൂന്നു കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളാണ് മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്നത്. ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും വിജയികള്‍ക്ക് നല്‍കും.
സംസ്ഥാന സമ്മേളനം 28, 29 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍, തിരുനക്കര മൈതാനം എന്നിവിടങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കും. 14 ജില്ലകളില്‍ നിന്നായി 3,000-ത്തിലധികം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിനുമുന്നോടിയായി കോട്ടയം ജില്ലയിലെ നാല് മേഖലകളിലായി വിവിധ ജീവകാരുണ്യ-സാമൂഹിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള ജ്വല്ലറിപാര്ക്ക് പദ്ധതി ഉള്‍പ്പടെ കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രശ്നങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സ്വര്‍ണവ്യാപാര മേഖലയിലെ പ്രശ്നങ്ങളും ഭാവി വികസനപദ്ധതികളും വിശദമായി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ സ്വര്‍ണവ്യാപാര നിര്‍മാണ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജ്വല്ലറിപാര്ക്ക് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെജിഎസ്എംഎ.
Kerala
കൊച്ചി: ഭൂരിപക്ഷം ന്യൂനപക്ഷമായും ന്യൂനപക്ഷം ഭൂരിപക്ഷമായും മാറ്റിമറിക്കുന്ന കൂറുമാറ്റ കുതിരക്കച്ചവടങ്ങളിലൂടെ ജനവിധിയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കപിൽ സിബൽ എംപി. കുതിരക്കച്ചവടം ജനാധിപത്യത്തെയും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെയും ദുർബലപ്പെടുത്തുന്നു.
ഭരണപരമായ എല്ലാ സംവിധാനങ്ങളെയും ജനവിധി അട്ടിമറിക്കാനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടു മാത്രം ജനാധിപത്യ റിപ്പബ്ലിക് പൂർണമാകുന്നില്ല. ജനവിധി അട്ടിമറിക്കപ്പെടാതെ അടുത്ത തെരഞ്ഞെടുപ്പുവരെ സംരക്ഷിക്കപ്പെടുമ്പോഴാണ് അതു സാക്ഷാത്കരിക്കപ്പെടുന്നത്. രാഷ്ട്രീയ അവബോധം ജനങ്ങൾക്കുള്ളതിനാലാണു കേരളത്തിൽ ഇത്തരം കൂറുമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും അരങ്ങേറാത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം നടക്കും.
സെക്രട്ടേറിയറ്റ് ലയം ഹാളില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
വന്യജീവി ആക്രമണം തടയുന്നതിനായി ഒട്ടേറെ ആവശ്യങ്ങളാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ നിന്നും ഉയരുന്നത്. ഇഎഫ്എല്‍ പ്രഖ്യാപിച്ച് അനധികൃതമായി പിടിച്ചെടുത്ത മുഴുവന്‍ ഭൂമിയും കര്‍ഷകര്‍ക്ക് തിരിച്ചു കൊടുക്കണമെന്നു കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് നല്‍കേണ്ട നഷ്ടപരിഹാര തുക പൂര്‍ണമായും നല്‍കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ഉണ്ടാകുന്ന ഭൂമിയുടെ സ്റ്റാറ്റസ് നോക്കാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരാവശ്യം.
പാമ്പുകടി ഏറ്റുള്ള മരണം ഒഴിവാക്കാന്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകുംവിധം പ്രത്യേക ചികിത്സാ പദ്ധതിക്ക് രൂപംനല്‍കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലദൗര്‍ലഭ്യം ഉണ്ടാക്കുന്ന അധിനിവേശ സസ്യങ്ങളായ സെന്ന, യൂക്കാലിപ്റ്റസ് അടക്കം പിഴുതുമാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വനാതിര്‍ത്തിമേഖലകളില്‍ പഴുതടച്ച പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടാക്കണം.
അതിനായി, ഓരോ പ്രദേശത്തിനും അനുയോജ്യമായ ഫെന്‍സിംഗ്, കിടങ്ങു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയുടെ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.
National
ജൽന (മഹാരാഷ്ട്ര): മുംബൈയിലേക്ക് താൻ സമാധാനപരമായി നടത്താൻ ഉദ്ദേശിക്കുന്ന മറാത്ത മാർച്ചിൽ കടന്നുകയറി പ്രശ്നങ്ങളുണ്ടാക്കാനും ഇതിനിടെ തന്നെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടക്കുന്നതായി ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ പാട്ടീൽ.
മറാഠ സംവരണം സാധ്യമാക്കുന്നതിലേക്ക് സർക്കാരിന്റെ ശ്രദ്ധക്ഷണിക്കാൻ ലക്ഷ്യമിട്ടാണ് നാളെ മറാഠ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ഭരണത്തിലുള്ള പാർട്ടി അണികളെവിട്ട് മാർച്ച് അലങ്കോലപ്പെടുത്തുകയും തന്നെ ഇതിനിടെ വധിക്കുകയും ചെയ്യുമെന്നാണ് ജരാങ്കെയുടെ ആരോപണം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമാണ് തനിക്കെതിരേയുള്ള ഗൂഢാലോചനകൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ നടന്നുവരുന്ന ജരാങ്കെയുടെ നിരാഹാരസമരത്തിന്റെ 16-ാം ദിനത്തിലാണ് അദ്ദേഹം ഇന്നലെ മാധ്യമപ്രവർത്തരെ കണ്ടത്.
National
ഹൈദരാബാദ്: കോൺഗ്രസിൽ തുടരുമെന്നു തെലുങ്കാന മന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ട കോണ്ട സുരേഖ.
2028 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുവിജയിക്കുമെന്ന് സുരേഖ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാറങ്കലിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിക്കെതിരേ സുരേഖയുടെ മകൾ നടത്തിയ പരാമർശമാണ് സെപ്റ്റംബർ മൂന്നിനു മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. സുരേഖ കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. വാറങ്കൽ ഈസ്റ്റ് മണ്ഡലത്തെയാണ് സുരേഖ പ്രതിനിധീകരിക്കുന്നത്.
National
മുസാഫർനഗർ: ഉത്തർപ്രദേശിൽ ഗായകൻ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിലെ ശേഷിക്കുന്ന പ്രതികളെ ഒക്ടോബർ അഞ്ചിനകം അറസ്റ്റ് ചെയ്യണമെന്ന് ഖാപ് നേതാക്കളും ജാട്ട് നേതാക്കളും പൊലിസിന് അന്ത്യശാസനം നൽകി.
ഷാംലി ജില്ലാ മജിസ്ട്രേറ്റിനെയും എസ്പിയെയും സന്ദർശിച്ച നേതാക്കൾ ബല്യാന്റെ കുടുംബത്തിന് സുരക്ഷ, കുടുംബത്തിലെ ഒരാൾക്ക് ജോലി, സാമ്പത്തിക സഹായം എന്നിവ ആവശ്യപ്പെട്ടു.
ശേഷിക്കുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി ഖാപ് നേതാവ് നരേഷ് ടികായത് പറഞ്ഞു.
Kerala
തിരുവനന്തപുരം: വിതുരയിൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവർ ഷൈജു ആണ് മരിച്ചത്.
ഷൈജുവിന് ഒപ്പമുണ്ടായിരുന്ന മകൻ വസുദേവ് (12), മകൾ വാസുകി (6) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് മദ്യലഹരിയിൽ അമിതവേഗതയിലെത്തിയത്.
വാഹനം തെറ്റായ ദിശയിൽ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. പ്രതികളെ വിതുര പൊലിസ് കസ്റ്റഡിയിലെടുത്തു. പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതികൾ.
National
ന്യൂഡൽഹി: വ്യോമസേനാ താവളത്തിൽനിന്നു വിമാനാവശിഷ്ടങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള മഹാരാജ്പുര വ്യോമസേനാ താവളത്തിലാണ് സുരക്ഷാവീഴ്ചയോടെയുള്ള മോഷണം നടന്നത്.
വ്യോമസേനാ കേന്ദ്രത്തിൽനിന്ന് വിമാനഭാഗങ്ങളുടെ ലോഹ അവശിഷ്ടങ്ങൾ കാണാതായതിനെത്തുടർന്ന് എയർബേസ് സെക്യൂരിറ്റി ഓഫീസർ വിനോദ് കുമാർ പൊലിസിൽ പരാതി നൽകുകയായിരുന്നു.
മാലിന്യം ശേഖരിക്കുന്ന ട്രോളിയിൽ ഒളിപ്പിച്ചാണ് ഇവർ എയർബേസിനു പുറത്തേക്ക് ലോഹഭാഗങ്ങൾ കടത്തിയത്.
മോഷണംപോയ അവശിഷ്ടങ്ങൾ പൊലിസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണിയോ ദുരൂഹതയോ ഉണ്ടോയെന്നു പരിശോധിക്കാൻ വ്യോമസേനാ അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനും ദേശീയ അധ്യാപക പുരസ്കാര ജേതാവുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീവിദ്യയിൽ കല്ലേലി രാഘവൻപിള്ള (97) നിര്യാതനായി.
ആലപ്പുഴയുടെ പുരാണപുരുഷൻ എന്നാണ് ഡോ. സുകുമാർ അഴീക്കോട് കല്ലേലി രാഘവൻപിള്ളയെ വിശേഷിപ്പിച്ചിരുന്നത്.
ഗാന്ധി സ്മൃതിമണ്ഡപം സ്ഥാപക രക്ഷാധികാരി, ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ, വിദ്യാലയ പരിപോഷക സമിതി ഉപാധ്യക്ഷൻ, സർഗ കൈരളി അധ്യക്ഷൻ, ആകാശവാണി ഉപദേശക സമിതി അംഗം, ജവഹർ ബാലഭവന്റെ സ്ഥാപക ഡയറക്ടർ, ജില്ലാ റോഡ് സുരക്ഷ സമിതിയംഗം, അഴിമതി നിരോധന സമിതിയംഗം, നിയമസഹായ സമിതിയംഗം, ജില്ലാ സാക്ഷരത സമിതിയംഗം, അക്കാഡമിക് കൗൺസിൽ അധ്യക്ഷൻ, ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ തുടങ്ങി വിവിധ പദവികൾ വഹിച്ചിരുന്നു. ആത്മകഥയായ നിധയേ സർവ വിദ്യാനാം, നല്ലകുട്ടി (ബാലസാഹിത്യം), സോക്രട്ടീസിന്റെകൂടെ, മുഖശ്രീ തുടങ്ങി നിരവധി പുസ്കതങ്ങൾ രചിച്ചു.
റിട്ട. അധ്യാപിക പരേതയായ എൻ. വിദ്യാവതിയാണ് ഭാര്യ. മക്കൾ: ഡോ. എൻ.ആർ. ചിത്ര, എൻ.ആർ. ബാലഗോപാലൻ എൻ.ആർ. ശ്രീദേവി. മരുമക്കൾ: കെ. ജയകുമാർ, ഉർവശി, വേണുഗോപാൽ.
മൃതദേഹം ഇന്ന് രാവിലെ10 മുതൽ ആലപ്പുഴ എസ്ഡിവി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് ചാത്തനാട് പൊതുശ്മശാനത്തിൽ.
Leader Page
കേരളത്തിൽ യുഡിഎഫ് സർക്കാർ രണ്ടാം ഭൂപരിഷ്കരണ ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടണ്ട്. ഇതിൽ ആദിവാസി ഗോത്ര മഹാസഭ ഉൾപ്പെടെ പല ആശങ്കകളും ഇതിനോടകം പറഞ്ഞിട്ടുമുണ്ട്. ഒന്നാം ഭൂപരിഷ്കരണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രം തന്നെയുണ്ട്. ആരാണ് ശരിക്കും ബില്ല് കൊണ്ടുവന്നത് എന്ന തർക്കവും വിവാദവും കൂടെയുണ്ട്.
1957ലെ ഇഎംഎസ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ സമഗ്രമായ ഭൂപഷ്കരണ ബിൽ അവതരിപ്പിച്ചു.1957 ഡിസംബറിൽ കേരള അഗ്രേറിയൻ റിലേഷൻസ് അവതരിപ്പിച്ചു. 1959 ജൂണ്‍ പത്തിന് നിയമസഭ ബിൽ പാസാക്കി. മന്ത്രിസഭ കാലാവധി പൂർത്തീകരിക്കാതെ പിരിച്ചുവിട്ടതുകൊണ്ട് വീണ്ടും അനിശ്ചിതത്വമായി. 1960-64 കാലയളവിൽ തുടർ ബില്ലുകൾ ഗൗരിയമ്മതന്നെ അവതരിപ്പിച്ചു.
1964ൽ കേരള അഗ്രേറിയൻ റിലേഷൻസ് ആക്ട് നിലവിൽവന്നു. 1963ൽ കേരള ലാൻഡ് റിഫോംസ് ആക്ട് വന്നതോടെ ഭൂപരിഷ്കരണത്തിന് ന്യായമായ രൂപമായി. കുടിയാന്റെ അവകാശം, ന്യായമായ പാട്ടം, ഭൂമിയുടെ കൈവശ പരിധി സർക്കാർ ഏറ്റെടുക്കുന്ന മിച്ചഭൂമി എന്നിവയ്ക്ക് നിയമപരിരക്ഷ ലഭിക്കും. 1967ൽ വീണ്ടും ഗൗരിയമ്മ ലാൻഡ് റിഫോസ് ബിൽ അവതരിപ്പിച്ചു. 35-ാം ഭേദഗതിയും നിലവിൽ വന്നപ്പോൾ നിയമം കൂടുതൽ വ്യാപകമായി. 1970 ജനുവരി ഒന്നിന് അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത് പ്രാബല്യത്തിൽ വന്നത്.
പരിമിതികളും വിവേചനങ്ങളും
ഒന്നാം ഭൂപരിഷ്കരണം അനുസരിച്ച് തോട്ടവിളകൾക്കും കൃഷി ഭൂമിക്കും വ്യത്യസ്തതോതിലുള്ള കൈവശവകാശമാണ് നൽകിയത്. അന്നത്തെ ഭൂപരിഷ്കരണ വിവാദം ഇന്നും തീർന്നിട്ടില്ല. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്തിരുന്ന കുടിയാന്മാരായ കർഷർക്ക് ഭൂമി ലഭിച്ചപ്പോൾ മണ്ണിൽ പണിയെടുത്തിരുന്ന ദളിത് വിഭാഗത്തിനും പട്ടികജാതി പട്ടികവർഗക്കാർക്കും ഭൂമി ലഭിച്ചില്ല. തീരദേശവാസികൾ, മലയോര കർഷകർ എന്നിവർക്കും പരിഗണന ലഭിച്ചില്ല.
പല ജന്മിമാരും ഇളവുകൾ ലഭിക്കാൻ പ്ലാന്റേഷൻ ഭൂമിയെന്ന നിലയിൽ പല ഭൂമിയെയും മാറ്റി. കൃഷിഭൂമി കർഷകർക്ക് എന്ന മുദ്രാവാക്യത്തിന് പകരം കൃഷിഭൂമി കർഷകന് കൃഷിക്ക് എന്ന് വേണമായിരുന്നു. പകരം സംഭവിച്ചത് മറ്റൊന്ന്. യാഥാർഥ കർഷകർക്ക് ഭൂമി ലഭിക്കാതെ അവർ കോളനികളിലും മറ്റും മാറ്റപ്പെട്ടു. ലക്ഷം വീട് പദ്ധതിയൊക്കെ വന്നപ്പോൾ ശരിക്കും എല്ലാ ജാതികളിലെയും പാവപ്പെട്ടവരും കർഷകരും മുഖ്യധാരയിൽനിന്ന് അകറ്റപ്പെട്ടു.
മലയോര കർഷകർ ഇന്നും പട്ടയം കിട്ടാതെ വലയുന്നു. തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി കൃത്യമായി നൽകിയില്ല. കൃഷിഭൂമി കർഷകർക്ക് എന്ന് പറഞ്ഞപ്പോൾ കർഷക തൊഴിലാളികൾ എന്നൊരു വിഭാഗം കൂടി രൂപപ്പെട്ടു. പിന്നീട് കർഷകർ കുറേ സന്പന്നരായപ്പോൾ തൊഴിലാളികൾ കെട്ടിടനിർമാണം ഉൾപ്പെടെയുള്ള മറ്റു തൊഴിലുകളിലേക്ക് മാറി. കൃഷിക്ക് ആളെ കിട്ടാതായി. കൃഷി പലപ്പോഴും നഷ്ടമായി. വിദേശ മലയാളികളുടെ സന്പാദ്യം കൂടുതലും പോയത് കെട്ടിട നിർമാണത്തിലും വാഹനങ്ങൾ വാങ്ങലിലുമാണ്.
പുതിയ നിയമം
1980കളിൽ 8.5 ലക്ഷം ഹെക്ടർ വയൽ ഉണ്ടായിരുന്നത് കുറഞ്ഞുവെന്ന് ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറിന് താഴെ മാത്രമായി മാറി. ഇന്നിപ്പോൾ കൃഷി ആകർഷകമായ ഒരു തൊഴിൽ അല്ല എന്നതാണ് യാഥാർഥ്യം. ഒന്നാം ഭൂപരിഷ്കരണത്തിന്റെ പ്രശ്നങ്ങൾ അതുപോലെ നിലനിൽക്കുന്പോഴാണ് രണ്ടാം ഭൂപരിഷ്കരണ ബിൽ വരുന്നത്. കൃഷിഭൂമി തരിശിടാതെ പരമാവധി കൃഷിക്കുവേണ്ടിത്തന്നെ ഉപയോഗിക്കണമെന്നും വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കണമെന്നുമുള്ള വാദവും ശക്തമാണ്. വ്യവസായ സംരംഭങ്ങൾ കൂടുതലും വരുന്നത് സ്വാഭാവികമായും സ്വകാര്യ മേഖലയിലായിരിക്കും.
രണ്ടാം ബിൽ വരുന്പോൾ ഭൂമിയുടെ അവകാശം കൂടുതൽ കുത്തകകൾക്ക് പോകരുത് എന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും ഫലഭുയിഷ്ടമായ കൃഷിഭൂമി തുണ്ടുവത്കരിച്ച് കൃഷി ചെയ്യാതെ വെറുതേ ഇടുന്നത് ഗൗരവമായ കാര്യമാണ്. ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ കൃഷിഭൂമി കൈവശം വയ്ക്കുന്നവർ നിർബന്ധമായും സ്വന്തമായോ ആളെ വച്ചോ കൃഷി ചെയ്യണം. അല്ലെങ്കിൽ കൈവശാവകാശം നിലനിർത്തിത്തന്നെ സർക്കാർ പാട്ട കൃഷികൾക്ക് ഉൾപ്പെടെ കൊടുക്കും. ലാഭത്തിന്റെ ഒരുവിധം ഉടമയ്ക്ക് ലഭിക്കും. പലതരം മാതൃകകൾ ഉണ്ട്. എന്തായാലും കൃഷിഭൂമി വെറുതേ ഇടാൻ പറ്റില്ല. ഇത്തരം കാര്യങ്ങളൊക്കെ രണ്ടാം ബില്ലിൽ ഉണ്ടാകണം.
ശാസ്ത്രീയ ഭൂവിനിയോഗം
കൃഷി ഭൂമിയും വാസസ്ഥലവും തമ്മിൽ വേർതിരിക്കണം. കെട്ടിടത്തിന് ചുറ്റും ഇടാവുന്ന സ്ഥലത്തിന് പരിധി നിശ്ചയിക്കണം. ബാക്കി ഭൂമിയിലെ കൃഷി സാധ്യത സാഹചര്യമനുസരിച്ച് പരിശോധിക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിലവിലുള്ള പഞ്ചായത്ത് തല വിഭവ ഭൂപടത്തിലെ ഭൂവിനിയോഗ ഭൂപടം കാലാനുസൃതമായി പുതുക്കണം. 1:40 മീറ്റർ എന്ന തോതിലുള്ള വില്ലേജ് മാപ്പുകളിലും കഡസ്ട്രൽ ഭൂപടങ്ങളിലും ഭൂവിനിയോഗ ഭൂപടം തയാറാക്കി വിജ്ഞാപനം ചെയ്യണം.
സംസ്ഥാന ഭൂവിനിയോഗ ബോർഡ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജല വിഭവ വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഓരോ മേഖലയ്ക്കുമാവശ്യമായ ഭൂവിനിയോഗ സൂചികയും കോഡും വികസിപ്പിക്കണം.
തീരപ്രദേശം മുതൽ മലനാട് വരെ ഒരേ കാർഷിക രീതിയും വിളകളും ഒഴിവാക്കി ഓരോ ആവാസ വ്യവസ്ഥയ്ക്ക് ഭൂപ്രകൃതിക്ക് പറ്റിയവ മാത്രം കൃഷി ചെയ്യണം എന്ന നിയമം ആവശ്യമാണ്. കെട്ടിട നിർമാണ ഡിസൈൻ, പാറ്റേണ്‍, വലുപ്പം, മെറ്റീരിയൽ എന്നിവയ്ക്ക് പ്രത്യേക രീതി വികസിപ്പിക്കണം.
Kerala
എറണാകുളം: എറണാകുളം കോലഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐക്കരനാട് ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജു ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലിസ് കേസെടുത്തിട്ടുണ്ട്.
International
മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലിനുനേരേ ആക്രമണം. സംഭവത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.
കാണാതായ ഒരു ഇന്ത്യക്കാരനായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമയുടെ പതാകയേന്തിയ ‘എംടി എൽ ഗയ്യ’ എന്ന ടാങ്കറിനുനേരേയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഘർഷങ്ങൾ രൂക്ഷമായ ഈ മേഖലയിൽ ചരക്കുകപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കപ്പലിൽ ആകെ 14 ഇന്ത്യൻ ജീവനക്കാരാണുണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയ 13 പേരെയും സുരക്ഷിതമായി കരയിലെത്തിച്ചിട്ടുണ്ട്. ഒമാൻ അധികൃതരുമായി ചേർന്ന് ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുവരികയാണ്.
അതേസമയം,ഹോർമുസ് കടലിടുക്കുവഴി നീങ്ങുകയായിരുന്ന കപ്പലിൽ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ സംഘടന അറിയിച്ചു.
International
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിലേക്ക് ഇന്ത്യ ബെയ്ലി പാലം നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ അയച്ചു.
പ്രളയം തകർത്ത ഭദ്രാവതി മേഖലയുടെ നവീകരണത്തിനായി ഗതാഗതമാർഗങ്ങൾ ഒരുക്കാനാണ് 70 മീറ്റർ നീളമുള്ള ബെയ്ലി പാലത്തിന്റെ സാമഗ്രികൾ എത്തിക്കുന്നതെന്നു കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. നേപ്പാളിലെ ഹട്ടൗഡ റോഡ് ഡിവിഷനു സാമഗ്രികൾ കൈമാറ്റം ചെയ്തതായും മറ്റു ഭാഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുക്കുദണ്ഡുകളിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിക്കുന്നതും വലിയ യന്ത്രസംവിധാനങ്ങളോ മറ്റോ ഇല്ലാതെ എളുപ്പത്തിൽ കൈകൊണ്ടുതന്നെ സ്ഥാപിക്കാവുന്നതുമാണു ബെയ്ലി പാലം.
പ്രളയത്തിൽ തകർന്ന നേപ്പാളിനെ സഹായിക്കാൻ ഇന്ത്യ മാനുഷിക പരിഗണനയിൽ നൽകിവരുന്ന സഹായങ്ങളുടെ ഭാഗമാണ് ഇതും. 130 ടണ്ണോളം ദുരിതാശ്വാസ ഉത്പന്നങ്ങളും രക്ഷാപ്രവർത്തനങ്ങളിലും ഫൊറൻസിക് പ്രവർത്തനങ്ങളിലും സഹായിക്കാൻ 54 വിദഗ്ധരെയും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 26നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 1400ഓളം പേർ മരിച്ചതായാണു കണക്ക്. അയ്യായിരത്തിലധികം പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
National
ലക്നോ: അനന്തരവൻ ആകാശ് ആനന്ദിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. തനിക്ക് അസുഖമാണെന്ന തരത്തിൽ ആകാശ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മായാവതി ആരോപിച്ചു.
താൻ രോഗബാധിതയാണെന്നും അതിനാലാണ് പ്രധാനപ്പെട്ട വിഷയങ്ങൾ പോലും ‘എക്സ്’ പോസ്റ്റുകളിലൂടെ അറിയിക്കുന്നതെന്ന് വരുത്തിത്തീർക്കാൻ ആകാശ് ശ്രമിക്കുകയാണെന്നു മായാവതി ലക്നോവിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kerala
പനങ്ങാട് (എറണാകുളം): കുട്ടിക്കാലത്ത് മാങ്ങയ്ക്കു കല്ലെറിയാൻ കാട്ടിയിരുന്ന കൃത്യമായ ഉന്നമാണ് പിന്നീട് രാഷ്ട്രീയത്തിലും തനിക്കു തുണയായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പഠിച്ച പനങ്ങാട് വിഎച്ച്എസ് സ്കൂളിൽ പൂർവവിദ്യാർഥി സംഘടന നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്കൂളിലേക്ക് വരുമ്പോൾ സഹപാഠികൾക്കൊപ്പം മാങ്ങയ്ക്കു കല്ലെറിയുന്നതിൽ ഞാൻ മിടുക്കനായിരുന്നു. കൂടെയുള്ളവരുടെ ഏറ് മാങ്ങയിൽ കൊള്ളുമ്പോൾ എന്റെ ഏറ് മാങ്ങയുടെ ഞെട്ടിൽത്തന്നെ കൊള്ളുമായിരുന്നു. രാഷ്ട്രീയത്തിലും എന്നെ പിടിച്ചുനിർത്തിയത് ആ ഉന്നം തന്നെയാണ്” മുഖ്യമന്ത്രി പറഞ്ഞു.
തന്റെ സുഹൃത്തും ‘ഓജിസ് കാന്താരി ബാർ’ ഉടമയുമായ ഒ.ജി. സുനിലിന്റെ കുട്ടിക്കാലത്തെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ട കഥയും മുഖ്യമന്ത്രി ഓർത്തെടുത്തു. “ഞങ്ങൾ സ്കൂളിലേക്ക് നടന്നുവരുമ്പോൾ സുനിൽ മുന്നിലൂടെ സൈക്കിളിൽ പോകുന്നത് ഞങ്ങൾക്ക് ഇഷ്ടമില്ലായിരുന്നു.
ഒരിക്കൽ സുനിൽ കടയിൽ കയറിയപ്പോൾ ഞങ്ങൾ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അന്നത്തെക്കാലത്ത് അത് വലിയൊരു സന്തോഷമായിരുന്നു” സദസിൽ ചിരിപടർത്തിക്കൊണ്ട് അദ്ദേഹം ഓർത്തെടുത്തു.
പഴയ സുഹൃദ്ബന്ധങ്ങൾ ഓർത്തെടുത്ത സതീശൻ, താൻ മുഖ്യമന്ത്രിയായത് അധ്യാപകരുടെ ഗുരുകാരുണ്യമെന്നും കൂട്ടിച്ചേർത്തു. വേദിയിലെത്തിയ പരിചയക്കാരുമായും നാട്ടുകാരുമായും സൗഹൃദം പുതുക്കിയ അദ്ദേഹം, സെൽഫിയെടുക്കാൻ എത്തിയവർക്ക് അവസരം നൽകിയാണു മടങ്ങിയത്.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. അത്തിക്കൽ കുണ്ടുമാങ്ങോട് റോഡിനോട് ചേർന്ന കൃഷിയിടത്തിൽ മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത(52)യ്ക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ഓടെ കൃഷിയിടത്തിൽ കപ്പ പറിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. കുറ്റിക്കാട്ടിൽ പതുങ്ങിക്കിടന്ന കാട്ടുപന്നി സുജാതയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സുജാതയെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് സുജാതയുടെ ചെരുപ്പും തോർത്തും ഉൾപ്പടെയുള്ളവ രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി എന്നിവർ ആക്രമണകാരിയായ പന്നിയെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചു.
തുടർന്ന് ആക്രമണം നടന്ന സ്ഥലത്തിനു സമീപം തന്പടിച്ച പന്നിയെ പഞ്ചായത്ത് ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി വെടിവച്ചുകൊല്ലുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയശേഷം പന്നിയെ സംസ്കരിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിലുള്ള ആറളം പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 252 മദ്രസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ നൂറോളം മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ആവശ്യമായ സര്‍ക്കാര്‍ അംഗീകാരമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയത്. ജൂണ്‍ മുതല്‍ സംസ്ഥാനത്തുടനീളം ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഫീല്‍ഡ് തല സര്‍വേക്കു ശേഷമാണ് ഈ നടപടി.
കൃത്യമായ അംഗീകാരമുള്ള മദ്രസകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ക്ഷുദിറാം ടുഡു അറിയിച്ചു. ചില മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നിയമവിധേയമല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചായത്തിരാജ് മന്ത്രി ദിലീപ് ഘോഷ് വ്യക്തമാക്കി.
എന്നാല്‍, എല്ലാ മദ്രസകളെയും ഒരേപോലെ കാണരുതെന്ന് പ്രതിപക്ഷ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ഘോഷ് പ്രതികരിച്ചു.
National
മുംബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂമി തർക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് മുൻ സ്കൂൾ സഹപാഠി.
മഹാരാഷ്ട്രയിലെ മീരാ-ഭയാന്ദറിലെ തന്റെ ഭൂമി ബിജെപി എംഎൽഎയുമായി ബന്ധമുള്ള ബിൽഡർമാർ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് 81കാരനായ അസ്ഗറലി വോറയുടെ പരാതി.
ഗുജറാത്തിലെ വഡ്നഗറിലുള്ള ബിഎൻ സ്കൂളിൽ മോദിക്കൊപ്പം പഠിച്ച വോറ, കഴിഞ്ഞദിവസമാണു പ്രധാനമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. ഭയാന്ദർ ഈസ്റ്റിലെ നവ്ഘർ റോഡിലുള്ള 2,810 ചതുരശ്ര മീറ്റർ ഭൂമി 1989ൽ നിയമപരമായി രജിസ്റ്റർ ചെയ്തു വാങ്ങിയതാണെന്നും ഇത് ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും വോറ പറഞ്ഞു.
എന്നാൽ 2011ൽ ‘സ്വയം ബിൽഡേഴ്സ് ’ എന്ന സ്ഥാപനവുമായി ചേർന്നു വ്യാജരേഖകൾ ചമയ്ക്കുകയും തന്റെ അറിവില്ലാതെ സ്ഥലം രണ്ടു ഭാഗങ്ങളായി വിഭജിക്കുകയുമായിരുന്നു. ഇതിൽ ഒരു ഭാഗം ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ‘സെവൻ ഇലവൻ കൺസ്ട്രക്ഷൻസിന്റെ’ നിയന്ത്രണത്തിലാണെന്നും വോറ ആരോപിക്കുന്നു.
തന്റെ ഉടമസ്ഥാവകാശവാദം നിലനിൽക്കെ മീരാ-ഭയാന്ദർ മുനിസിപ്പൽ കോർപറേഷന്റെ ടൗൺ പ്ലാനിംഗ് വിഭാഗം നിർമാണ അനുമതി നൽകിയെന്നും റവന്യു, പൊലിസ് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. വ്യാജരേഖ ചമച്ചതിനെതിരേ 2015ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും കേസിൽ സിഐഡി റിപ്പോർട്ട് സമർപ്പിച്ചത് 11 വർഷത്തിനുശേഷം ഈ വർഷമാണെന്ന് വോറ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മുനിസിപ്പൽ അധികൃതർ വിഷയത്തിൽ നടപടി തുടങ്ങി.